Saturday, November 28, 2009

ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ചില ഞെട്ടലുകളും



ഒടുവില്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ മേശപ്പുറത്തു എത്തി. പതിനാറു വര്‍ഷത്തെ അന്വേഷണ ഗവേഷണങ്ങള്‍ക്കൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്‌കണ്ടു അദ്ധ്വാനി ഞെട്ടിയതും പാര്‍ലിമെന്റില്‍ പൊട്ടിത്തെറിച്ചതും നാം കണ്ടു. വാജ്പേയിയുടെ പേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലാണ് അദ്ധ്വാനിജി ഞെട്ടിയത്. അതില്‍ അല്പം കാര്യമില്ലായ്കയില്ല. ബാബറി മസ്ജിദ് ബീജെപീ വളര്‍ത്താനുള്ള ഒരു ലക്‌ഷ്യം മാത്രമാണെന്നും ലക്‌ഷ്യം നേടിക്കഴിഞ്ഞാല്‍ പിന്നെ പാര്‍ടിക്ക് നിലനില്‍കാന്‍ പ്രയാസമാണെന്നും അതിനാല്‍ ബാബറി മസ്ജിദ് ഒരു ഇഷ്യൂ മാത്രമായി നിലനിര്‍ത്തുകയാണ് ബുദ്ധി എന്നും ദീര്‍ഘദര്‍ശിയും, ബീജെപീയിലെ മിതവാദിയുമായ ഇദ്ദേഹം വാദിച്ചു നോക്കിയതാണ്. അതായിരുന്നു ശരി എന്ന് ബീജെപീയുടെ പില്‍ക്കാലചരിത്രം തെളിയിക്കുന്നു. എങ്കിലും അന്ന് ഈ വാദംകേട്ട് ഞെട്ടിയ അദ്ധ്വാനിജി ഇപ്പോള്‍ എല്ലാം ചെയ്ത തങ്ങളുടെ കൂട്ടത്തില്‍ വാജ്പേയിയുടെ പേര്‍ കണ്ടപ്പോള്‍ ഞെട്ടിയത് സ്വാഭാവികം മാത്രം.

Wednesday, November 18, 2009

ബൂലോകത്തേക്ക് ആശങ്കകളോടെ.

ബൂലോകവാസികളേ.... നമസ്ക്കാരം. വിധി എന്ന് പറയട്ടെ. ഞാനും ബ്ലോഗര്‍ ആയി. അതെന്‍റെ കുറ്റമല്ല. ബൂലോകത്തെ വിസ്മയകരമായ കാഴ്ചകളില്‍ അന്ധാളിച്ചു നില്‍ക്കുകയാണ് ഞാനിപ്പോള്‍ .

ബ്ലോഗ്‌ മീറ്റുകള്‍.,  ബ്ലോഗ്‌ ജാഥകള്‍, . ബ്ലോഗ്‌ ഹര്‍ത്താലുകള്‍, . ബ്ലോഗ്‌ പ്രകടനങ്ങള്‍, . ബ്ലോഗ്‌ സംഘട്ടനങ്ങള്‍,  ബ്ലോഗ്‌ അക്കാദമികള്‍, . ബ്ലോഗ്‌ അസോസിയേഷനുകള്‍.,   ബ്ലോഗ്‌ ഉത്സവങ്ങള്‍, ബ്ലോഗിലെ കോഴിപ്പോരുകള്‍.,.ബ്ലോഗിലെ ആല്‍ത്തറകള്‍,  ബ്ലോഗിലെ പണ്ഡിതന്മാര്‍.,  സാംസ്ക്കാരിക നായകന്മാര്‍, . മാന്യന്മാര്‍, . അല്‍പന്മാര്‍, . അനോണികള്‍, . ഇടയുന്ന കൊമ്പന്മാര്‍, . അംഗബലം കൊണ്ടും ആയുധബലം കൊണ്ടും തോല്‍പിക്കാനവാത്ത വില്ലാളിവീരന്മാര്‍.,  പടനായകന്മാര്‍.,  സ്തുതിപാടകര്‍.,  ഭാഷാ സ്നേഹികള്‍.,  തര്‍ക്ക ശാസ്ത്ര വിദഗ്ദന്മാര്‍.,  ആനുകാലികങ്ങള്‍ മുതല്‍ പുരാണങ്ങള്‍ വരെ ചര്‍ച്ച ചെയ്തു മുടിഞ്ഞവര്‍.,  മതങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചവര്‍.,  നിരീശ്വര വാദികള്‍,  പരിണാമവാദികള്‍,  മതവാദികള്‍, മിതവാദികള്‍,  ഉഗ്രവാദികള്‍,  തീവ്രവാദികള്‍,  പ്രാദേശികവാദികള്‍. കവികളും ഗവികളും,  മുതല്‍ കഥകളും ഗഥകളും വരെ നീളുന്ന ബൂലോകത്തെ അത്ഭുത കാഴ്ചകളിലേക്ക് ആരവങ്ങളില്ലാതെ ശുഭപ്രതീക്ഷയോടെ ഞാന്‍ പിച്ചവെക്കുകയാണ്.

അനുഗ്രഹിച്ചാലും.