Tuesday, January 7, 2014

മഴവില്ലിൻ മറയത്തു

മഴവില്ലിൻ മറയത്തു - അണിയറ പ്രവർത്തകർക്ക് ആശംസകളോടെ..
------------------------------------------

നവ സാങ്കേതിക വിദ്യയുടെ വർത്തമാന കാലം തുറന്നിട്ട അറിവിന്റെ ചക്രവാളം എഴുത്തും വായനയും ചർച്ചകളുമായി ഇന്ന് ശബ്ദമുഖരിതമാണ്. ഭാഷാ സ്നേഹികളായ ഒട്ടേറെ ധിഷണാശാലികളുടെ സജീവ പങ്കാളിത്തം കൊണ്ട് ധന്യമാണ് ഇന്ന് സൈബർ ലോകം.
അക്ഷര സ്നേഹികളായ ഒരു ചെറു സംഘത്തിന്റെ നിസ്വാർഥമായ സമർപ്പണ ബോധത്തിൽ നിന്നാണ് മലയാളത്തിന്റെ മഴവില്ല് സൈബർ ലോകത്ത് വിരിഞ്ഞത്.
ലേഖനങ്ങളും ആനുകാലികങ്ങളും കഥകളും കവിതകളും യാത്രാ വിവരണങ്ങളും അഭിമുഖങ്ങളുമൊക്കെയായി വിഭിന്ന മേഖലകളുടെ സമ്പന്നമായ ഉള്ളടക്കവുമായി മഴവില്ല് അതിന്റെ പ്രയാണത്തിൽ പന്ത്രണ്ടു ലക്കങ്ങൾ പൂർത്തിയാക്കി. അതിനു പിന്നിലെ അദ്വാനം ചെറുതല്ല. അണിയറ പ്രവർത്തകരെ അഭിനന്ദിച്ചേ മതിയാവൂ.
ബ്ലോഗുകൾ ആത്മ പ്രകാശനത്തിന്റെ ഈറ്റില്ലമാണ്. തങ്ങളിൽ ജനിച്ചു തങ്ങളിൽ തന്നെ ഓടുങ്ങുമായിരുന്ന സർഗ്ഗ ചേതനകൾക്ക്, സീമകളില്ലാത്ത വായനയുടെ പ്രവിശാല വിഹായസ്സിലേക്കുള്ള പ്രയാണ വേഗത കൈവരിക്കാൻ ബ്ലോഗുകളിലൂടെ കഴിഞ്ഞു. അതാവട്ടെ ആരുമറിയാതെ പോകുമായിരുന്ന ഒട്ടേറെ എഴുത്തുകാർക്ക് ആത്മ വിശ്വാസത്തോടെ എഴുത്തിന്റെ ലോകത്തിലേക്ക് കടന്നു വരാനും തങ്ങളെ അടയാളപ്പെടുത്താനും സാധിച്ചു.

വായനാലോകത്ത് തങ്ങൾക്കു ലഭിക്കുന്ന സ്വീകാര്യതയാണ് എഴുത്തുകാർക്ക് എന്നും പ്രചോനം. ആ നിലയിൽ ഇന്റർനെറ്റ് എന്ന സ്വതന്ത്ര പ്രതലത്തിന്റെ ആഗോള വ്യാപ്തിയിൽ പടർന്നു പന്തലിച്ച വായനാ ലോകം ഇന്നിന്റെ യാഥാർത്ഥ്യമാണ്. ഇവിടെയാണ്‌ ഓണ്‍ലൈൻ മാഗസിനുകളുടെ പ്രസക്തിയും ആവശ്യവും. ചിതറിക്കിടക്കുന്ന ബൗദ്ധിക ചിന്താധാരകളെ, സർഗ്ഗസൃഷ്ടികളെ  ധൈഷണിക നിലവാരത്തിന്റെ മുന്ഗണനാ ക്രമത്തിൽ ഒരു ആൽബത്തിലേക്ക് എന്ന പോലെ സംയോജിപ്പിച്ച് വായനക്ക് സമർപ്പിക്കുകയും ഇ-ഫയലുകളായി അവ സൂക്ഷിക്കുകയുമാണ് ഓണ്‍ ലൈൻ മാഗസിനുകൾ ചെയ്യുന്നത്. 

പരമ്പരാഗത സങ്കൽപങ്ങളിൽ നിന്നും കാലം ആവശ്യപ്പെടുന്ന മാറ്റത്തിന്റെ അനിവാര്യത മാത്രമായേ ഓണ്‍ലൈൻ എന്ന സമാന്തര മാധ്യമത്തെ കാണേണ്ടതുള്ളൂ. ഈ രണ്ടു രീതികളും പരസ്പര പൂരകങ്ങളാണ്. ഒന്നും നിരാകരിക്കപ്പെടെണ്ടതോ, അവഗണിക്കപ്പെടെണ്ടതോ അല്ല എന്നതാണ് എന്റെ പക്ഷം. 

അധാർമ്മികതയും മൂല്യച്യുതിയും അക്രമവും അനീതിയും അശ്ലീലവും പരിധി ലംഘിച്ചു മുന്നേറുന്ന സമകാലിക പശ്ചാത്തലത്തിൽ ഇന്റർനെറ്റ് എന്ന വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗം യുവ തലമുറയുടെ സദാചാര, മൂല്യ സങ്കല്പങ്ങളെ തന്നെ മാറ്റി മറിക്കാൻ പോന്നതാണ്. അവിടെ വായനയുടെ , അറിവിന്റെ, എഴുത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ സൃഷ്ടിച്ചു, വിരൽ തുമ്പിൽ ശ്രേഷ്ഠ ഭാഷയുടെ മലയാള മധുരം നൽകി സംസ്കരിച്ച് എടുക്കുന്നതിൽ ഓണ്‍ ലൈൻ എഴുത്തും വായനയും വലിയ പങ്കാണ് വഹിക്കുന്നത്. 

വായന മരിക്കുകയാണ്, വായനാ ശീലം കുറയുകയാണ് എന്നൊക്കെ പലപ്പോഴും നമ്മൾ വിലപിക്കാറുണ്ട്. എങ്കിൽ അതിന്റെ ഉത്തരവാദികൾ ആരാണ്. സാങ്കേതിക വിദ്യയിൽ നമ്മെക്കാൾ എത്രയോ പുരോഗമിച്ച പാശ്ചാത്യ നാടുകളിൽ ഇപ്പോഴും വായനക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. അവിടങ്ങളിൽ ഇപ്പോഴും ധാരാളം പുസ്തകങ്ങൾ വിറ്റഴിയുന്നു. പാശ്ചാത്യ എഴുത്തുകാരുടെ പുസ്തകങ്ങൾ ലോക ഭാഷകളിലേക്ക് തർജമ ചെയ്യപ്പെടുന്നു. പിന്നെ നമുക്ക് മാത്രം എന്ത് സംഭവിച്ചു. 

ടെലിവിഷനും മറ്റു വിനോദോപാദികളും വായനയുടെ വഴിമുടക്കുമ്പോഴും കമ്പ്യൂട്ടർ വഴിയുള്ള ഈ- വായനക്ക് ആളുകൾ എത്തുന്നുണ്ട്. അവിടെ സർഗ്ഗ ഭാവനയുടെ നവലോകം സൃഷ്ടിക്കുകയും വായനയുടെ ലോകത്തിൽ അവരെ പിടിച്ചിരുത്തുകയും ചെയ്യുക എന്നതാണ് എഴുത്തുകാരുടെ ബാദ്ധ്യത. അതിനു വേണ്ടത് ഇ-എഴുത്തിനെ ഘൗരവമായി കാണുകയും ക്രിയാതമാക്മായ രചനകൾ നിർവഹിക്കുകയുമാണ്.  

പലപ്പോഴും വായിച്ച നല്ല പുസ്തകങ്ങളുടെ ആസ്വാദനങ്ങളും ചർച്ചകളും ബൂലോകത്ത് നടക്കാറുണ്ട്. അത്തരം ശ്രമങ്ങളിലൂടെ നല്ല സൃഷ്ടികൾ അറിയാനും പുസ്തകങ്ങളുടെ ലോകത്തിലേക്ക് കടന്നു ചെല്ലാനും എഴുത്തിലേക്ക്‌ തിരിച്ചു വരാനും ഇലോകം വേദിയാകുന്നു എന്നത് നാം കണ്ടു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യം.  

പ്രതിബദ്ധതയുള്ള എഴുത്തുകാർക്ക് സമൂഹ നന്മക്കായി ഇവിടെ പലതും ചെയ്യാൻ കഴിയും. മാനുഷിക മൂല്യങ്ങളിൽ വിശ്വസിക്കുകയും നന്മക്കായി തൂലിക ചലിപ്പിക്കുകയും ചെയ്യുമ്പോൾ ചിന്തക്കും ഭാവനക്കും അർഥം കൈവരുന്നു. ജാതിമത വർഗ്ഗ വർണ്ണ ചിന്തകൾക്കതീതമായി മാനുഷിക മൂല്യങ്ങളെ കൈവിടാത്ത നല്ല മനുഷ്യരായി തീരുവാൻ അറിയാനും പങ്കു വെക്കാനും നമുക്കിവിടെ എഴുത്തിന്റെയും വായനയുടെയും പുതു വസന്തം തീർക്കാം.  

വായനയില്ലെങ്കിൽ എഴുത്തിനു പ്രസക്തിയില്ല. എന്നും നല്ല വായനക്കാർ മാത്രമാണ് എഴുത്തുകാരുടെ ശക്തിയും പ്രചോദനവും. എല്ലാ വായനക്കാർക്കും ഒപ്പം മഴവില്ലിന്റെ അണിയറ പ്രവർത്തകർക്കും സ്നേഹാശംസകളോടെ.

9 comments:

  1. എഴുനിറങ്ങളില്‍, മനോഹരഭാവങ്ങളില്‍ മഴവില്ല് പടര്‍ന്നുപന്തലിക്കട്ടെ..!!
    നല്ല എഴുത്തുകളും, വായനക്കാരും വളരട്ടെ...
    എല്ലാ ആശംസകളും..

    ReplyDelete
  2. ഇനിയും ഒരുപാട് മഴവില്ലുകള്‍ വിരിയട്ടെ ..എഴുത്തുകള്‍ പെയ്തിറങ്ങട്ടെ..അതെന്നെ...

    ReplyDelete
  3. മഴവില്ല് മാഗസിന്‍ ആരംഭം കുറിക്കുമ്പോള്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആഗ്രഹിച്ചതിനെക്കാളും എത്രയോ മുന്‍പന്തിയിലാണ് ഇപ്പോഴത്തെ മഴവില്ലിന്‍റെ നിലവാരം എന്ന് നാം ഏവര്‍ക്കും അറിയാം .കഠിനമായ പ്രവര്‍ത്തനം തന്നെ വേണം ഇങ്ങനെയൊരു ഉദ്ധ്യമം അര്‍ത്ഥവത്താക്കുവാന്‍ .മഴവില്ലിനെ കുറിച്ചെഴുതിയ അക്ബര്‍ ഭായിക്കും മഴവില്ലിനും എല്ലാവിധ ആശംസകും നേരുന്നു .

    ReplyDelete
  4. മഴവില്ലിന്‍ മറയത്തുള്ളവര്‍ക്കെല്ലാം അഭിനന്ദനങള്‍ ..കൂടുതല്‍ പുതുമകളോടെ ,വ്യത്യസ്തകളോടെ മഴവില്ല് എന്നും വിരിയട്ടെ..

    ReplyDelete
  5. മലയാളത്തിലെ ഓൺലൈൻ മാസികാരംഗത്ത് മഴവില്ല് അതിന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു - വായനയുടെ പരമ്പരാഗതരീതികൾ പൊളിച്ചെഴുതുന്ന സൈബർ കാലഘട്ടത്തിന്റെ ജിഹ്വയായി മാറുകയാണ് മഴവില്ല്....

    ReplyDelete
  6. ഈയടുത്ത് ഞാന്‍ കണ്ട , സാങ്കേതികമായി ഏറ്റവും മികവു പുലര്‍ത്തിയ ഇ-മാസിക മഴവില്ല് തന്നെയാണ്.. പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കഷ്ടപ്പാടും അര്‍പ്പണബോധവും വിളിച്ചോതുന്ന അത്രയും പൂര്‍ണത.. ആര്‍ട്ടിക്കിള്‍സ് എന്റെതുള്‍പ്പെടെ ശരാശരി നിലവാരം മാത്രമായി പോയോ എന്നൊരു തോന്നലും ഇല്ലാതില്ല..

    ReplyDelete
  7. നല്ല വായനക്കാർ മാത്രമാണ് എഴുത്തുകാരുടെ ശക്തിയും പ്രചോദനവും

    ReplyDelete
  8. പ്രതിബദ്ധതയുള്ള എഴുത്തുകാർക്ക് സമൂഹ നന്മക്കായി ഇവിടെ പലതും ചെയ്യാൻ കഴിയും. മാനുഷിക മൂല്യങ്ങളിൽ വിശ്വസിക്കുകയും നന്മക്കായി തൂലിക ചലിപ്പിക്കുകയും ചെയ്യുമ്പോൾ ചിന്തക്കും ഭാവനക്കും അർഥം കൈവരുന്നു. ജാതിമത വർഗ്ഗ വർണ്ണ ചിന്തകൾക്കതീതമായി മാനുഷിക മൂല്യങ്ങളെ കൈവിടാത്ത നല്ല മനുഷ്യരായി തീരുവാൻ അറിയാനും പങ്കു വെക്കാനും നമുക്കിവിടെ എഴുത്തിന്റെയും വായനയുടെയും പുതു വസന്തം തീർക്കാം

    ReplyDelete
  9. അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍!

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..